K.V. BALAN MASTER

K.V. BALAN MASTER

Any

Reading

Problem

Politician

President, Ezhome Service Co-Operative Bank

(Ex. Vice President Ezhome Gramapanchayat)PILATHARA P.O.-670501

Kannur, 0497-2800504, 9447448798

Nil

Back

Nil

കെ.വി. ബാലന്‍ മാസ്ററും കുടുംബവും

കെ.വി. ബാലന്‍ മാസ്ററുടെയും ഭാര്യ ഇന്ദിര ഭായിയുടെയും മാതാപിതാക്കള്‍

കൈവച്ച പ്രവര്‍ത്തനമേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് ശ്രീ. കെ.വി ബാലന്‍മാസ്ററുടേത്. അദ്ധ്യാപകന്‍, സാമൂഹിക- സാംസ്കാരിക-രാഷ്ട്രീയ- സംഘടനാപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനാണ് ഇദ്ദേഹം.
മാടായിക്കാവ് എല്‍.പി.സ്കൂള്‍, മാടായി ഗവണ്‍മെന്റ് ഹൈസ്കൂള്‍, നെരുവമ്പ്രം യു.പി സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു ബാലന്‍മാസ്ററുടെ പ്രാഥമികവിദ്യാഭ്യാസം. കണ്ണൂര്‍ എസ്.എന്‍. കോളജില്‍നിന്ന് പ്രീയൂണിവേഴ്സിറ്റിയും കണ്ണൂര്‍ ബോയ്സ് ട്രെയിനിങ്ങ് സ്കൂളില്‍നിന്ന് ടി.ടി.സിയും പൂര്‍ത്തിയാക്കി. ബാലന്‍മാസ്ററുടെ വ്യക്തിത്വരൂപീകരണത്തില്‍ മാതാപിതാക്കള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ആദ്യകാല അദ്ധ്യാപകരില്‍ എ.പി നാരായണന്‍ മാസ്റര്‍, എം.കെ. ഗോവിന്ദന്‍ നമ്പ്യാര്‍, പരിയാരം കിട്ടേട്ടന്‍ എന്നീ മാതൃകാദ്ധ്യാപകരെ ബാലന്‍മാസ്റര്‍ ഇന്നും ആദരപൂര്‍വ്വം സ്മരിക്കുന്നു. കമ്മ്യൂണിസ്റ് അനുഭാവമുള്ള കുടുംബത്തില്‍ ജനിച്ചതിനാല്‍ മാസ്ററും ഒരു കമ്മ്യൂണിസ്റ് സഹയാത്രികനായി. എസ്.എഫ്.ഐയുടെ ആദ്യരൂപമായിരുന്ന കെ.എസ്.വൈ.എഫിന്റെ മലബാര്‍ ജില്ലാസമ്മേളനം കണ്ണൂരില്‍ നടന്നപ്പോള്‍ ആറാംക്ളാസ്സ് വിദ്യാര്‍ത്ഥിയായിരുന്ന ഇദ്ദേഹവും പങ്കെടുത്തിരുന്നു. ആറാംക്ളാസ്സിനുശേഷം വീട്ടിലെ കാര്‍ഷികകാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനുവേണ്ടി രണ്ട് വര്‍ഷം സ്കൂള്‍ പഠനം നിര്‍ത്തേണ്ടിവന്നു. പിന്നീട്, പിതാവിന്റെ സുഹൃത്തായ കുഞ്ഞപ്പനമ്പ്യാരുടെ നിര്‍ദ്ദേശപ്രകാരം വിദ്യാഭ്യാസം പുനരാരംഭിച്ചു. പാര്‍ട്ടിയുടെ പ്രാദേശികനേതാക്കളായിരുന്ന പി.വി. നാരായണന്‍, നടക്കല്‍ കുഞ്ഞിക്കണ്ണന്‍, എന്‍.വി ബാലകൃഷ്ണന്‍ മാസ്റര്‍ തുടങ്ങിയവരുമായുള്ള സഹവാസം ബാലന്‍മാസ്ററെ സജീവപാര്‍ട്ടിപ്രവര്‍ത്തകനും അദ്ധ്യാപകസംഘടനാപ്രവര്‍ത്തകനുമാക്കി മാറ്റി. ഡി.വൈ.എഫ്.ഐയുടെ ആദ്യരൂപമായ കെ.എസ്.വൈ.ഐ.യില്‍ അംഗമാവുകയും ചെങ്ങല്‍ യൂണിറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. 1969-ല്‍ സി.പി.ഐ (എം) മെമ്പറായി. അടിയന്തിരാവസ്ഥക്കാലത്ത് ചെങ്ങല്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഒരിക്കല്‍ പോലീസ് അര്‍ദ്ധരാത്രിയില്‍ ബാലന്‍മാസ്ററുടെ വീട് സര്‍ച്ച് ചെയ്യുകയും പിതാവിനെ മര്‍ദ്ദിക്കുകയും ചെയ്തു. അടിയന്തിരാവസ്ഥയ്ക്കെതിരെ പ്രകടനം നയിച്ചതിന്റെ പേരില്‍ ബാലന്‍ മാസ്ററെയും പാര്‍ട്ടിപ്രവര്‍ത്തകരായ നടക്കല്‍ ഗോവിന്ദന്‍, ഈച്ച കരുണാകരന്‍ എന്നിവരെയും അറസ്റ് ചെയ്ത് ഡി.ഐ.ആര്‍ പ്രകാരം ജയിലിലടച്ചു. 1978 മുതല്‍ സി.പി.ഐ (എം) ഏഴോം ലോക്കല്‍ കമ്മിറ്റി മെമ്പറായി മാസ്റര്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ഏഴോം വെസ്റ് ലോക്കല്‍ കമ്മിറ്റി മെമ്പറാണ്. എരിപുരം ബ്രാഞ്ച് സെക്രട്ടറിയായും മാസ്റര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ഷകസംഘം ഏഴോം വെസ്റ് വില്ലേജ് കമ്മിറ്റി മെമ്പറാണ്. അടിയന്തിരാവസ്ഥയ്ക്കുശേഷം നാട്ടിലെ ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് പഴയങ്ങാടി പോലീസ് സ്റേഷനില്‍ചെന്ന ബാലന്‍മാസ്ററെ സബ്ബ് ഇന്‍സ്പെക്ടര്‍ അപമാനിക്കുകയും കള്ളക്കേസ് ചാര്‍ജ്ജ് ചെയ്ത് ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തില്‍ രാഷ്ട്രീയഭേദമെന്യേ ആ പ്രദേശത്തെ ജനങ്ങള്‍ വമ്പിച്ച പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. സംഭവത്തെപ്പറ്റി അന്വേഷിച്ച പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മുമ്പാകെ എസ്.ഐ. ഖേദം പ്രകടിപ്പിക്കുകയും മേലില്‍ ആരോടും അപമര്യാദയായി പെരുമാറുകയില്ല എന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
മാസ്ററുടെ പ്രവര്‍ത്തനമേഖല അതിവിപുലമാണ്. അദ്ധ്യാപകപ്രസ്ഥാനം, രാഷ്ട്രീയം, ഗ്രന്ഥശാല, സഹകരണം പൊതുപ്രവര്‍ത്തനം എന്നിങ്ങനെ അത് നീളുന്നു. ചെറുപ്പം മുതലേ ബാലന്‍മാസ്റര്‍ ഗ്രന്ഥപാരായണത്തില്‍ തത്പരനായിരുന്നു. ഈ താത്പര്യം 1967-ല്‍ എരിപുരം പബ്ളിക് ലൈബ്രറി സ്ഥാപി ക്കുന്നതിന് പ്രചോദനമായി. പ്രസ്തുത ലൈബ്രറി ഏറെ താമസിയാതെ ഒരു സാംസ്കാരികകേന്ദ്രമായി മാറി. റിക്രിയേഷന്‍ ക്ളബ്, ബാലവിഭാഗം കയ്യെഴുത്തുമാസിക, ചര്‍ച്ചാക്ളാസ്സുകള്‍ എന്നിവ ഇതിന്റെ കീഴില്‍ സംഘടിപ്പിക്കപ്പെട്ടു. 1969-ല്‍ ഇതിന്റെ കീഴില്‍ ദേശാഭിമാനി ബാലസംഘം എന്നപേരില്‍ കുട്ടികളുടെ വിഭാഗം രൂപീകരിച്ചു. 1970-ല്‍ കണ്ണൂര്‍ ജില്ലാതലത്തില്‍ ദേശാഭിമാനി ബാലസംഘം രൂപീകരിക്കപ്പെട്ടു. അതിന്റെ സെക്രട്ടറി എന്‍. പ്രഭാകരനും രക്ഷാധികാരി ബാലന്‍മാസ്ററുമായിരുന്നു. പബ്ളിക് ലൈബ്രറിയുടെ പരിപാടികളിലുള്ള ജനപങ്കാളിത്തത്തിലും വളര്‍ച്ചയിലും ചിലര്‍ക്ക് അസൂയ ഉണ്ടായി. അവര്‍ അടിയന്തിരാവസ്ഥയുടെ മറവില്‍, പോലീസിന്റെ സഹായത്തോടുകൂടി 1976 മെയ് 6-ന് ലൈബ്രറിയില്‍ അതിക്രമിച്ച് കടന്ന് രണ്ടായിരത്തിഅഞ്ഞൂറോളം പുസ്തകങ്ങളും ഫര്‍ണിച്ചറുകളും തീവച്ച് നശിപ്പിച്ചു. വളരെക്കാലത്തെ ത്യാഗത്തിന്റെയും സേവനത്തിന്റെയും അദ്ധ്വാനത്തിന്റെയും ഫലമായി പടുത്തുയര്‍ത്തപ്പെട്ട ലൈബ്രറി നശിപ്പിക്കപ്പെട്ടപ്പോള്‍ മാസ്റര്‍ ആകെ തളര്‍ന്നുപോയി. പിന്നീട്, ധൈര്യം സംഭരിച്ച് സംഭവങ്ങള്‍ മാധ്യമങ്ങളുടെയും ഗ്രന്ഥശാലാ സംഘത്തിന്റെ നേതാക്കളുടെയും എ.കെ.ജി, ഇ.എം.എസ് തുടങ്ങിയ രാഷ്ട്രീയസാംസ്കാരിക നേതാക്കളുടെയും ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട് ടെലിഗ്രാമുകളും കത്തുകളും അയച്ചു. അങ്ങനെ ഈ സംഭവം വലിയ വാര്‍ത്തയായി. എ.കെ.ജി ഇക്കാര്യം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും കേരള ആഭ്യന്തരമന്ത്രി കെ. കരുണാകരന്റെയും ശ്രദ്ധയില്‍പ്പെടുത്തി. ഇ.എം.എസ്, തായാട്ട് ശങ്കരന്‍, പി.എന്‍ പണിക്കര്‍, ഐ.വി.ദാസ്, തായത്ത് രാഘവന്‍ തുടങ്ങിയ പ്രമുഖനേതാക്കള്‍ ലൈബ്രറി സന്ദര്‍ശിക്കുകയും ലൈബ്രറി തീവച്ച് നശിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോടാവശ്യപ്പെടുകയും ചെയ്തു. അടിയന്തിരാവസ്ഥക്കാലത്ത് രാജ്യത്ത് നടന്ന അതിക്രമങ്ങളെപ്പറ്റി അന്വേഷിക്കാന്‍ ചുമതലപ്പെട്ട ജസ്റീസ് ഷാ കമ്മീഷന്‍ ഈ സംഭവവും അന്വേഷിച്ചു. ഈ സംഭവത്തില്‍ പോലീസ് കൂട്ടുനിന്നു എന്നും അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും ഷാ കമ്മീഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഏറെ താമസിക്കാതെ ജനങ്ങളുടെ സഹകരണത്തോടുകൂടി ലൈബ്രറി പ്രവര്‍ത്തനം പുനഃസ്ഥാപി ക്കാനും സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുവാനും സാധിച്ചു. 30വര്‍ഷക്കാലം മാസ്റര്‍ അതിന്റെ സെക്രട്ടറിയായും 5 വര്‍ഷം പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ രക്ഷാധികാരിയാണ്. മാസ്ററുടെ വീട്ടില്‍ സ്വന്തമായി ഒരു ലൈബ്രറിയുണ്ട്.
1979-ല്‍ ഏഴോം പഞ്ചായത്ത് മെമ്പറായി ബാലന്‍മാസ്റര്‍ തെരഞ്ഞെടുക്കപ്പെട്ടു. 1988-ലും 1995-ലും തുടര്‍ച്ചയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 5 വര്‍ഷം മെമ്പറും 12 വര്‍ഷം വൈസ്പ്രസിഡണ്ടുമായിരുന്നു. ജനകീയാസൂത്രണത്തിന്റെ ഭാഗമായി വികസനരേഖയും വാര്‍ഷികപദ്ധതികളും തയ്യാറാക്കുന്നതിനും ഗ്രാമസഭകളും അയല്‍ക്കൂട്ടങ്ങളും സംഘടിപ്പിക്കുന്നതിലും ബാലന്‍മാസ്റര്‍ പ്രമുഖ പങ്ക് വഹിച്ചു. വികസനരേഖ തയ്യാറാക്കിയ കോര്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു. പഴയങ്ങാടി ബസ്സ്സ്റാന്റ് കം ഷോപ്പിങ്ങ് കോംപ്ളക്സ്, കണ്ണോം, കോറക്കുളം, ചെങ്ങല്‍ തടം, നരിക്കോട്, പാറമ്മല്‍, ചെങ്ങല്‍, പണ്ടാരക്കുളം എന്നീ ശുദ്ധജലവിതരണ പദ്ധതികള്‍, പനക്കാട് പാലം, നെരുവമ്പ്രം പൊതുമാര്‍ക്കറ്റ്, ഏഴോം ആയുര്‍വ്വേദ ഡിസ്പെന്‍സറി, നിരവധി പൊതുകിണറുകള്‍, കുഴല്‍ കിണറുകള്‍, വെയിറ്റിംങ് ഷെഡ്ഡുകള്‍, സ്ട്രീറ്റ് ലൈറ്റുകള്‍, സോഡിയം വേപ്പര്‍ലാമ്പുകള്‍, ചെക്ക് ഡാമുകള്‍ കോമത്ത് ബണ്ട് റോഡ്, പുല്ലാഞ്ഞിട- ചെങ്ങല്‍, ബാലവാടി-പഴയങ്ങാടി റോഡ്, നെരുവമ്പ്രം- ചെങ്ങല്‍ എ.കെ.ജി സ്മാരക വായനശാലാ റോഡ്, എരിപുരം പി.എച്ച്.സി-ചെങ്ങല്‍ റോഡ്, നെരുവമ്പ്രം-അടുത്തില വെസ്റ് റോഡ്, പുല്ലാത്തിട-അടുത്തില വയല്‍റോഡ് തുടങ്ങി ഒട്ടേറെ വികസനപദ്ധതികള്‍ സംഘടിപ്പിക്കാനും നടപ്പിലാക്കാനും മാസ്റര്‍ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ചു. ചെങ്ങല്‍, അടുത്തില, എരിപുരം എന്നീ പ്രദേശങ്ങളിലെ മിക്കറോഡുകളും ഈ കാലഘട്ടത്തില്‍ നിര്‍മ്മിച്ചവയാണ്. ഏഴോം പ്രൈമറി ഹെല്‍ത്ത് സെന്റര്‍, നെരുവമ്പ്രം ജെ.ടി.എസ്, പഴയങ്ങാടി സബ്ബ് ട്രഷറി എന്നിവ അനുവദിച്ചുകിട്ടുന്നതിനും മാസ്ററുടെ പ്രവര്‍ത്തനമുണ്ടായിരുന്നു.
പഴയങ്ങാടി കോമത്ത് ബണ്ടിനകത്തെ 80 ഏക്കറോളം വരുന്ന കയ്പാട് നിലത്തില്‍ കൃഷിചെയ്യുന്ന നെല്‍കൃഷിക്കാരുടെ ഉന്നമനത്തിനുവേണ്ടി കോമത്ത് ബണ്ട് കാര്‍ഷിക വികസനസൊസൈറ്റി രൂപീകരിക്കുന്നതിനും ബണ്ടിന്റെ ക്രോസ്ബാറുകളില്‍ക്കൂടി മത്സ്യം പിടിക്കുവാനുള്ള അവകാശം ലേലം ചെയ്യുന്ന വകയില്‍ മൊത്തം സംഖ്യയുടെ 40% സംഖ്യ കൃഷിക്കാര്‍ക്ക് അനുവദിച്ചുകിട്ടുന്നതിനും കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ തുടങ്ങിയ നിരവധി സാമൂഹ്യക്ഷേമപദ്ധതി ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുന്നതിനും മാസ്റര്‍ പരിശ്രമിച്ചു. 
ചെങ്ങല്‍ ഈസ്റിലെ എ.കെ.ജി സ്മാരക വായനശാലാ കെട്ടിടം, ചെങ്ങല്‍ വെസ്റിലെ എ.കെ.ജി സെന്റര്‍, ചെങ്ങല്‍ ചെഗുവേര കലാസാംസ്കാരികസമിതിയുടെ കെട്ടിടം എന്നിവയുടെ നിര്‍മ്മാണത്തിലും മാസ്റര്‍ വഹിച്ച പങ്ക് വലുതാണ്. ചെഗുവേര കലാ-സാംസ്കാരികസമിതിയുടെ രക്ഷാധികാരിയും എസ്.വി. അബ്ദുള്‍ കരീം മാസ്റര്‍ സ്മാരക വായനശാലാ കെട്ടിടനിര്‍മ്മാണ കമ്മിറ്റിയുടെ ചെയര്‍മാനുമാണ് ബാലന്‍മാസ്റര്‍. എരിപുരം ചെങ്ങല്‍ പ്രദേശത്ത് പൊതുശ്മശാനം ഉണ്ടാക്കുവാനും അതിന് ആറ് ഏക്കര്‍ സ്ഥലം സംഘടിപ്പിച്ച് പട്ടയം വാങ്ങുവാനും ഒരു കെട്ടിടം നിര്‍മ്മിക്കുവാനും മാസ്റര്‍ മുന്‍ കയ്യെടുത്തു.
നൂറ് കൊല്ലത്തിലധികമായി ജനങ്ങള്‍ വിശ്രമസ്ഥലമായും കളിസ്ഥലമായും ഉപയോഗിച്ചുവന്നിരുന്ന എരിപുരത്തെ അരയാല്‍ത്തറയും ഗ്രൌണ്ടും സ്വകാര്യവ്യക്തികള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ സംരക്ഷണസമിതി രൂപീകരിച്ച് പരിഹാരംകണ്ടെത്താന്‍ മാസ്റര്‍ മുന്‍കയ്യെടുത്തു. കേരളഹൈക്കോടതിവരെ എത്തിയ കേസില്‍ എല്ലാ കോടതികളില്‍നിന്നും സംരക്ഷണസമിതിക്കനുകൂലമായ വിധിയാണുണ്ടായത്. സംരക്ഷണസമിതി പ്രവര്‍ത്തകനും എരിപുരം വിവണ്‍ ക്ളബ്ബിന്റെ സ്ഥാപകമെമ്പറുമായിരുന്ന, അകാലത്തില്‍ മരിച്ചുപോയ കെ.വി. രമേശന്റെയും അരയാല്‍ത്തറ സ്ഥാപിച്ച പരേതനായ കെ. ചന്തന്‍കുട്ടിയുടെയും സ്മരണ നിലനിര്‍ത്തുന്നതിന് വിവണ്‍ ക്ളബ്ബിന്റെ സഹായത്തോടുകൂടി അരയാല്‍ത്തറ പുനര്‍നിര്‍മ്മാണം നടത്തുന്നതിന് ബാലന്‍മാസ്റര്‍ നേതൃത്വം നല്‍കി.
പഴയങ്ങാടി പ്രൈമറി ഹെല്‍ത്ത് സെന്റര്‍ സ്ഥാപക കമ്മിറ്റി വൈസ്പ്രസിഡണ്ടായിരുന്ന ബാലന്‍ മാസ്റര്‍ ഇപ്പോള്‍ പ്രസിഡണ്ടും മാനേജിംഗ് കമ്മിറ്റി മെമ്പറുമാണ്. പി.എച്ച്. സിക്ക് പുതിയവാര്‍ഡും കമ്മ്യൂണിറ്റിഹാളും ചുറ്റുമതിലും നിര്‍മ്മിക്കുന്നതിന് മാസ്റര്‍ മുന്‍കയ്യെടുത്തു. അത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററാക്കി ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
ഏഴോം ഐക്യനാണയസംഘത്തില്‍ ക്ളാര്‍ക്കായി ജോലിചെയ്യുമ്പോള്‍ അദ്ധ്യാപക പരിശീലനത്തിന് പോയി. അതിനിടയില്‍ പി.എസ്.സി.വഴി ക്ളാര്‍ക്കായി നിയമിതനായെങ്കിലും കമ്മ്യൂണിസ്റാണെന്ന കാരണത്താല്‍ പോലീസ് വെരിഫിക്കേഷനില്‍ ജോലിനഷ്ടപ്പെട്ടു. 1966-ല്‍ വെങ്ങര മാപ്പിള യു.പി. സ്കൂളില്‍ അദ്ധ്യാപകനായി. പിന്നീട്, മുന്‍കാല സര്‍വ്വീസോടുകൂടി ജോലി തിരിച്ചുകിട്ടിയെങ്കിലും അത് സ്വീകരിക്കാതെ അദ്ധ്യാപകജോലിയില്‍തന്നെ തുടരാനാണ് തീരുമാനിച്ചത്. പി.എസ്.സി. മുഖേന സര്‍ക്കാര്‍ വിദ്യാലയത്തില്‍ അദ്ധ്യാപകനായി നിയമിക്കപ്പെട്ടുവെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനസ്വാതന്ത്യ്രം നഷ്ടപ്പെടുമെന്ന കാരണത്താല്‍ ആ ജോലി സ്വീകരിച്ചില്ല. മികച്ച അദ്ധ്യാപകനെന്ന് വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും സഹപ്രവര്‍ത്തകരുടെയും ഇടയില്‍ പേരെടുക്കുവാന്‍ മാസ്റര്‍ക്ക് കഴിഞ്ഞു. സഹപ്രവര്‍ത്തകരില്‍ പലരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശികനേതാക്കന്മാരും അദ്ധ്യാപകസംഘടനാനേതാക്കന്മാരുമായിരുന്നു. എന്നാല്‍, എല്ലാവരുടെയും സ്നേഹാദരങ്ങള്‍ നേടിയെടുക്കാന്‍ മാസ്റര്‍ക്ക് സാധിച്ചു. 1996 ജൂണ്‍ 30-ന് ഹെഡ്മാസ്ററായാണ് മാസ്റര്‍ റിട്ടയര്‍ ചെയ്തത്.
അദ്ധ്യാപകസംഘടനാരംഗത്ത് സജീവമായിരുന്ന മാസ്റര്‍ കെ.എ.പി.ടി.യു ബ്രാഞ്ച് സെക്രട്ടറി, സബ്ജില്ലാക്കമ്മിറ്റി മെമ്പര്‍, കെ.പി.ടി.യു സംസ്ഥാനകൌണ്‍സിലര്‍, ജില്ലാക്കമ്മിറ്റി മെമ്പര്‍, കെ.എസ്.ടി.എ മാടായി സബ്ജില്ലാ പ്രസിഡണ്ട് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1972-ല്‍ എന്‍.ജി.ഒ അദ്ധ്യാപകസമരത്തില്‍ പങ്കെടുത്ത് വെങ്ങര ഹിന്ദു എല്‍.പി. സ്കൂള്‍ പിക്കറ്റ് ചെയ്തതിന്റെ പേരില്‍ മാസ്റര്‍ അറസ്റിലാവുകയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സാക്ഷരതാഗ്രാമമായി ഏഴോം പഞ്ചായത്തിനെ മാറ്റിയതില്‍ മാസ്റര്‍ വലിയ പങ്ക് വഹിച്ചു. 1986 ഒക്ടോബര്‍ 2-നാണ് ഏഴോം പഞ്ചായത്തിന് കേന്ദ്രഗവണ്‍മെന്റില്‍നിന്നും ആ ബഹുമതി ലഭിച്ചത്. എരിപുരത്ത് കാന്‍ഫെഡിന്റെ നേതൃത്വത്തില്‍ നടന്ന നീതി മേള വിജയിപ്പിക്കുന്നതിനും മാസ്റര്‍ സുപ്രധാന പങ്ക് വഹിച്ചു. 1991-ലെ സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞത്തിലും മാസ്റര്‍ നേതൃത്വപരമായ പങ്ക് വഹിക്കുകയുണ്ടായി.
ബാലന്‍മാസ്റര്‍ ക്ളാര്‍ക്കായി ജോലിചെയ്ത ഏഴോം ഐക്യനാണയസംഘമാണ് പിന്നീട് ഏഴോംസര്‍വ്വീസ് സഹകരണബാങ്കായത്. ഇപ്പോള്‍ അത് ക്ളാസ്സ് വണ്‍ ബാങ്കാണ്. കഴിഞ്ഞ ആറ് വര്‍ഷമായി ബാലന്‍മാസ്റര്‍ ബാങ്കിന്റെ പ്രസിഡണ്ടാണ്. നീതി മെഡിക്കല്‍ സ്റോര്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബില്‍ഡിങ് മെറ്റീരിയല്‍ ഷോപ്പ്, സായാഹ്ന ബ്രാഞ്ച്, ബ്രാഞ്ചുകളുടെ കമ്പ്യൂട്ടര്‍വല്ക്കരണം എന്നിവ നടപ്പിലാക്കിയത് മാസ്ററുടെ കാലത്താണ്. ഇന്ത്യയില്‍ ആദ്യമായി സഹകരണമേഖലയില്‍ മൊബൈല്‍ ഫോണ്‍ ബാങ്കിങ് നടപ്പിലാക്കിയത് ഏഴോം സര്‍വ്വീസ് സഹകരണബാങ്കിലാണ്. കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് പ്രസ്സിന്റെ ഡയറക്ടറായും മാസ്റര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെങ്ങല്‍ എ.കെ.ജി സെന്ററില്‍ പുതുതായി സ്ഥാപിക്കുന്ന ഇ.കെ. നായനാര്‍ സ്മാരക വായനശാല ആന്‍ഡ് ചില്‍ഡ്രന്‍സ് ലൈബ്രറിയുടെ സംഘാടകസമിതി ചെയര്‍മാനും രക്ഷാധികാരിയുമാണ് മാസ്റര്‍ ഇപ്പോള്‍.
മികച്ച സംഘാടകനായ മാസ്റര്‍ കേരളരാഷ്ട്രീയത്തില്‍ വി.എസ്സിനെയും പിണറായിയെയും ഒരുപോലെ ആദരിക്കുന്നു. ദേശീയനേതാക്കളായ ജ്യോതിബസു, ഹര്‍കിഷന്‍ സിംഗ് സൂര്‍ജിത്ത്, പ്രകാശ് കാരാട്ട് തുടങ്ങിയവരെയും ഇഷ്ടനേതാക്കളായി കരുതുന്നു. 
1942 ഏപ്രില്‍ 23-ന്, പരേതനായ കണിയാന്‍ കുഞ്ഞപ്പയുടെയും കണ്ടത്തിലെ വളപ്പില്‍ ഉറുവാടിയുടെയും മകനായാണ് ബാലന്‍ മാസ്റര്‍ ജനിച്ചത്. ഒരു കര്‍ഷകത്തൊഴിലാളി കുടുംബമായിരുന്നു ഇവരുടേത്. മാതാവും പിതാവും ചെങ്കല്‍ തൊഴില്‍ചെയ്തു. പിതാവ് ക്രമേണ മേസ്തിരിയായി. കല്ല് കച്ചവടം ചെയ്യുന്നതിന് കാളവണ്ടി വാങ്ങി. ക്രമേണ ലോറിവാങ്ങി. പഴയങ്ങാടിയിലെ ആദ്യത്തെ ലോറി മുതലാളി ബാലന്‍ മാസ്ററുടെ പിതാവാണ്. വിവിധ ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന് പ്രത്യേകതരം കല്ലുകള്‍ കയറ്റി അയച്ചിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് പഴയങ്ങാടി പുഴയില്‍നിന്ന് മത്സ്യം പിടിക്കുന്നതിന് കുറ്റിവല ലൈസന്‍സുള്ള ചുരുക്കം ചിലവ്യക്തികളിലൊരാളായിരുന്നു മാസ്ററുടെ പിതാവ്. അദ്ദേഹത്തിന് ചികിത്സയും വശമുണ്ടായിരുന്നു. കുരു, ചൊറി, വാതം, പിത്തം, കഫം, ശ്വാസസംബന്ധമായ രോഗങ്ങള്‍, കുട്ടികളുടെ രോഗങ്ങള്‍ എന്നിവയ്ക്കെല്ലാം ഇദ്ദേഹം വിദഗ്ദ്ധചികിത്സ നല്‍കിയിരുന്നു. ബാലന്‍മാസ്റര്‍ ചികിത്സയില്‍ പിതാവിനെ സഹായിച്ചിരുന്നു. നാനാദേശത്തുനിന്നും രോഗികള്‍ ചികിത്സയ്ക്കായി കുഞ്ഞപ്പവൈദ്യരെ കാണാനെത്തുമായിരുന്നു. മാതാമഹനായ തൂണോളി ഉറുവാടന്‍ ഒരു പ്രസിദ്ധ പാരമ്പര്യവൈദ്യനായിരുന്നു. ആയുര്‍വ്വേദ സംബന്ധമായ നിരവധി അമൂല്യ താളിയോലഗ്രന്ഥങ്ങള്‍ പൈതൃകസ്വത്തായി അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നുവെന്ന് മാസ്റര്‍ ഓര്‍മ്മിക്കുന്നു.
1979 നവംബര്‍ 18-നാണ് മാസ്റര്‍ വിവാഹിതനായത്. കണ്ണൂര്‍ തളാപ്പിലെ കൊറ്റ്യത്ത് ഭാസ്കരന്‍-തളിപ്പറമ്പ് തൃച്ചംബരത്ത് ഇടത്തില്‍ നാരായണി ദമ്പതികളുടെ പുത്രി ഇന്ദിരാ ഭായിയാണ് ഭാര്യ. അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായിരുന്നു നിത്യാനന്ദ സ്വാമികളുടെ ആരാധകനായി ഭാസ്കരാനന്ദ എന്ന പേര്‍ സ്വീകരിച്ച് കളരി-മര്‍മ്മ ചികിത്സകനായി. യോഗവിദ്യകളും അഭ്യസിച്ചു. ഫോട്ടോഗ്രാഫി ഉപേക്ഷിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആശ്രമങ്ങള്‍ സ്ഥാപിച്ച് രോഗികളെ ചികിത്സിച്ചു. വളരെ പഴക്കംചെന്ന പലരോഗങ്ങളും ചികിത്സിച്ച് ഇദ്ദേഹം ഭേദപ്പെടുത്തി പ്രസിദ്ധിനേടി. ചെറുപ്പത്തില്‍ ഇന്ദിരാഭായി പിതാവിനെ ചികിത്സയിലും മറ്റും സഹായിക്കുമായിരുന്നു. ഒന്നാംക്ളാസ്സോടെ എസ്.എസ്.എല്‍.സി പാസ്സായതിനുശേഷം ഇന്ദിരാഭായി കോട്ടയം ഗവ. നേഴ്സിങ് സ്കൂളില്‍നിന്ന് ജനറല്‍ നേഴ്സിങ്ങ് ആന്റ് മിഡ് വൈഫറി കോഴ്സ് പാസ്സായി. സര്‍ക്കാര്‍ സര്‍വ്വീസില്‍ നേഴ്സായി. 27 വര്‍ഷത്തെ സേവനത്തിനുശേഷം തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ഹോസ്പിറ്റലില്‍നിന്ന് ഹെഡ് നേഴ്സായി വിരമിച്ചു. നല്ല ഒരു ചിത്രകാരികൂടിയാണ് ഇന്ദിരാഭായി. വീട്ടുജോലി കഴിഞ്ഞാല്‍ കാര്‍ഷികവൃത്തി, പൂന്തോട്ടനിര്‍മ്മാണം, അടുക്കളത്തോട്ടനിര്‍മ്മാണം എന്നിവയ്ക്ക് ഇവര്‍ സമയം കണ്ടെത്തുന്നു. നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്താനും സഹൃദയശ്രദ്ധ ആകര്‍ഷിക്കാനും ഇവര്‍ക്ക് സാധിച്ചു. ഭര്‍ത്താവിന്റെ തിരക്കേറിയ ജീവിതത്തില്‍ താങ്ങും തണലുമേകുന്ന മാതൃകാസഹധര്‍മ്മിണിയാണ് ഇന്ദിരാഭായി.
ബാലന്‍മാസ്റര്‍-ഇന്ദിരാഭായി ദമ്പതികളുടെ മൂത്തമകള്‍ സിനി, ചിത്രരചനയില്‍ മികവ് തെളിയിച്ചിട്ടുണ്ട്. ചെന്നൈയിലെ സപ്തഗിരി ഡയഗ്നോസ്റിക് സെന്ററില്‍ റേഡിയോഗ്രാഫറായ ഇരിട്ടികുന്നോത്ത് സ്വദേശി സി.ജി. ദേവനാണ് സിനിയുടെ ഭര്‍ത്താവ്. സിനി സിംഗപ്പൂര്‍ ഗവ. ഹോസ്പിറ്റലില്‍ സ്റാഫ് നേഴ്സായി ജോലിചെയ്യുന്നു. കലാമത്സരങ്ങളില്‍ അനേകം സമ്മാനങ്ങള്‍ സിനി കരസ്ഥമാക്കിയിട്ടുണ്ട്. രണ്ടാമത്തെ മകള്‍ മിനിയും നേഴ്സാണ്. മിനി, പയ്യന്നൂര്‍ സഹകരണ ഹോസ്പിറ്റലില്‍ സ്റാഫ്നേഴ്സായി കുറച്ചുകാലം ജോലിചെയ്തിട്ടുണ്ട്. പുതിയതെരു അരയമ്പത്ത് ദേവീകൃപയിലെ ശ്യാംമോഹനാണ് മിനിയുടെ ഭര്‍ത്താവ്. ശ്യാംമോഹന്‍ ഓപ്താല്‍മിക് അസിസ്റന്റായി ജോലിചെയ്യുന്നു. രണ്ടു പേരും ഇപ്പോള്‍ ഉഗാണ്ടയിലാണ്. മിനി-ശ്യാം ദമ്പതികള്‍ക്ക് ദിയ എന്ന മകളുണ്ട്. മിനിയും ഒരു ചിത്രകാരിയാണ്. ഇളയമകള്‍ ഷിനി കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.എസ്.സി. ഫസ്റ്ക്ളാസ്സോടെ പാസ്സായതിനുശേഷം എം.സി.ഏയ്ക്കു ചേര്‍ന്നു. മള്‍ട്ടിമീഡിയയിലും പരിശീലനം നേടിവരുന്നു. രാമന്തളി സര്‍വ്വീസ് സഹകരണബാങ്കില്‍ ക്ളാര്‍ക്കായ കെ.പി. ബിജുകുമാറാണ് ഷിനിയുടെ ഭര്‍ത്താവ്. ഷിനി-ബിജുകുമാര്‍ ദമ്പതികള്‍ക്ക് റിയ എന്ന മകളുണ്ട്. ഷിനി നല്ലൊരു ചിത്രകാരിയാണ്. നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ കെ.എച്ച്.ആര്‍.ഡബ്ള്യൂ.എസ്സിന്റെ കീഴില്‍ പയ്യന്നൂര്‍ ഗവ. ഹോസ്പിറ്റല്‍ ലാബില്‍ കാഷ്യറായി ജോലിചെയ്യുന്നു.
ഇന്ദിരാഭായിയുടെ സഹോദരന്‍ മോഹന്‍ലാല്‍ ചിത്രകലാദ്ധ്യാപകനാണ്. (ഭാര്യ: തങ്കം. മക്കള്‍- ഉമ, മഞ്ജുള, സ്മിത, സനോജ്). സ്മിത സ്റാഫ് നേഴ്സാണ്. ഇവര്‍ ഒരു ചിത്രകാരികൂടിയാണ്. മുന്‍മുഖ്യമന്ത്രി ഇ.കെ നായനാരില്‍നിന്ന് സ്മിതയ്ക്ക് പുരസ്കാരം ലഭിക്കുകയുണ്ടായി. മഞ്ജുള തളിപ്പറമ്പ് മുനിസിപ്പല്‍ കൌണ്‍സിലറാണ്. പരേതനായ സുന്ദര്‍ലാല്‍ (ഭാര്യ- കാര്‍ത്ത്യായനി. മക്കള്‍: സോന, സീന, ഷൈജിന്‍ ബാബു), സീതാറാം (ഭാര്യ- യശോദ മക്കള്‍: പത്മരാജന്‍, രതീഷ്, രമ്യ), കുമാരിതിലകം (ഭര്‍ത്താവ്- രാമചന്ദ്രന്‍, മക്കള്‍- ആര്‍ഷ, ജില്‍ഷ), മീരാഭായി (ഭര്‍ത്താവ്- വിജയന്‍, മക്കള്‍- അഖില, അമല്‍), രഞ്ജിനി (ഭര്‍ത്താവ്-ലക്ഷ്മണന്‍, മകന്‍- വിവേക്), രൂപാഭായി (ഭര്‍ത്താവ്-ബാബു) എന്നീ സഹോദരങ്ങള്‍ കൂടി ഇന്ദിരാഭായിക്കുണ്ട്. ഏറെ ജനസമ്മതനായ ബാലന്‍ മാസ്റര്‍. കക്ഷിരാഷ്ട്രീയത്തിനതീതമായി നാടിന്റെ വികസനത്തിനായി മുന്നിട്ടിറങ്ങി പൊതുപ്രവര്‍ത്തനത്തില്‍ സജീവമായ ഇടപെടലുകള്‍ നടത്തി ജനശ്രദ്ധയാകര്‍ഷിക്കുന്നു. തിരക്കേറിയ ജീവിതത്തിനിടയിലും പതിവായി ഒരു മണിക്കൂര്‍ വ്യായാമം ചെയ്യാന്‍ ഇദ്ദേഹം സമയം കണ്ടെത്തുന്നു. കുഞ്ഞിരാമന്‍ (ഭാര്യ- യശോദ മക്കള്‍- റീന, റീജ), ഗോവിന്ദന്‍ (വിമുക്തഭടന്‍. ഭാര്യ- കാര്‍ത്ത്യായനി. മക്കള്‍- ദിനേശന്‍, ജമുന, ശ്രീവിദ്യ, ജയപ്രഭ), ദേവകി (ഭര്‍ത്താവ്- പരേതനായ കെ.വി കണ്ണന്‍, മകന്‍- പ്രവീണ്‍ കുമാര്‍), കരുണാകരന്‍ (ഭാര്യ- ലളിത. മക്കള്‍- അനീഷ്, അജീഷ്, അനൂജ്), പരേതയായ നാരായണി, പരേതയായ ലക്ഷ്മി (ഭര്‍ത്താവ്- എന്‍.വി മുകുന്ദന്‍. മക്കള്‍- ശ്രീജ, പരേതനായ ശ്രീജിത്ത്, ശ്രീകാന്ത്, ശ്രീവിദ്യ), അശോകന്‍ (ഭാര്യ- പുഷ്പ, മക്കള്‍- അപര്‍ണ, ശില്‍പ) എന്നിവരാണ് ബാലന്‍മാസ്ററുടെ സഹോദരങ്ങള്‍.

              
Back

  Date updated :