സൈനിക മേധാവിയെ ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍ തൂക്കിലേറ്റി

Posted on: February 10, 2016 7:10 pm | Last updated: February 10, 2016 at 11:03 pm
SHARE

kimസിയൂള്‍: വടക്കന്‍ കൊറിയ തങ്ങളുടെ സൈനിക മേധാവി റി യോംഗ് ഗില്ലിനെ തൂക്കിലേറ്റിയതായി റിപ്പോര്‍ട്ട്. തെക്കന്‍ കൊറിയയുടെ യോന്‍ഹാപ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ വടക്കന്‍ കൊറിയയുടെ യുവനേതാവ് ശുദ്ധീകരണത്തിന്റെ പേരില്‍ നടത്തുന്ന വധശിക്ഷാ പരമ്പരകളില്‍ അവസാനത്തേതാണിത്. അന്താരാഷ്ട്രതലത്തില്‍ അപലപിക്കപ്പെട്ട നാലാമത്തെ ആണവ പരീക്ഷണം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം വടക്കന്‍ കൊറിയ നടത്തിയ ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപണത്തെത്തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം വര്‍ധിച്ചിരിക്കെയാണ് വടക്കന്‍ കൊറിയ സൈനിക മേധാവിയെ വധശിക്ഷക്ക് വിധേയമാക്കിയെന്ന വാര്‍ത്ത പുറത്തുവരുന്നത്. അഴിമതിയും വിമത ഗൂഢാലോചനയും നടത്തിയെന്ന കുറ്റം ചുമത്തിയാണ് റിയെ വധശിക്ഷക്ക് വിധേയനാക്കിയതെന്ന് യോന്‍ഹാപും മറ്റ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വാര്‍ത്തകളുടെ ഉറവിടം യോന്‍ഹാപ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ദക്ഷിണ കൊറിയയുടെ ദേശീയ രഹസ്യാന്വേഷണ വിഭാഗം വാര്‍ത്തകളോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു. സംഭവം സംബന്ധിച്ച് സ്ഥിരീകരണം നടത്താന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് കരുതുന്നത്. ഉന്നത ഉദ്യോഗസ്ഥരെ വധശിക്ഷക്ക് വിധേയമാക്കുന്ന കാര്യം വടക്കന്‍ കൊറിയ അപൂര്‍വമായേ പൊതുജനങ്ങളെ അറിയിക്കാറുള്ളൂ. 2013ല്‍ അഴിമതിയുടെ പേരില്‍ കിം ജോംഗ് ഉന്‍ സ്വന്തം അമ്മാവനായ ജാംഗ് സോംഗ് തീകിനെ വധിച്ചിരുന്നു. രാജ്യത്തെ രണ്ടാമത്തെ ശക്തനായ നേതാവായാണ് തീകിനെ കണക്കാക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷം മെയില്‍ പ്രതിരോധമന്ത്രിയെ ഉന്നിന്റെ സര്‍ക്കാര്‍ വിമാനവേധ തോക്ക് ഉപയോഗിച്ച് വധിച്ചിരുന്നു. ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജന്‍സിയാണ് ഇക്കാര്യം പാര്‍ലിമെന്റ് അംഗങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തത്. 2011ല്‍ പിതാവിന്റെ മരണശേഷമാണ് ഉന്‍ അധികാരമേറ്റെടുക്കുന്നത്. ഇതിന് ശേഷം നിരവധി തവണ ഉന്‍ സൈനിക തലവന്‍മാരെ മാറ്റിയിട്ടുണ്ട്. ഉന്‍ നേതൃത്വത്തില്‍ വന്ന ശേഷം നിരവധി ഉന്നത ഉദ്യോഗസ്ഥരെ കാണാതായിട്ടുണ്ട്.